Sunday, March 9, 2014

ശമ്പളം



നേരം എട്ടുമണിയായിട്ടും നജീബ് ഒന്നു കൂടി പുതപ്പില്‍ ചുരുണ്ടു കിടന്നു. ഇന്നു വെളളിയാഴ്ചയാണ്. മോളി ഡ്യൂട്ടിക്ക് പോകാനുളള പരക്കം പാച്ചില്‍ തുടങ്ങിയതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി..

നജീക്കാ .. ഇന്നലെയിട്ട ഷര്‍ട്ടെവിടെ..

ആ പേന്റ് അലക്കണ്ടെ..

അവളുടെ ചോദ്യം കേട്ടാണ് ഉണര്‍ന്നത്. ഇനിയിന്ന് ഉറക്കം വരില്ല, അല്ലേലും അവളിനി അതിനു സമ്മതിക്കുകയുമില്ല. പുറത്തു നല്ല മഴ. പുതച്ചു മൂടി കിടക്കാന്‍ തോന്നുന്നു..

പക്ഷേ പറ്റില്ല. ഇന്ന് ജാതവേട്ടന്‍ ലീവാണ്. ഓഫിസില്‍ നേരത്തെയെത്തണം. അല്ലേലും അയാള്‍ അങ്ങനെയാണ്. നല്ലൊരു ദിവസവും കിടന്നുറങ്ങാന്‍ സമ്മതിക്കൂല, അപ്പേഴേക്കും അങ്ങേര് ലീവെടുക്കും. പിന്നെ നോമ്പായതിനാല്‍ ആറ് ആറരക്ക് തിരിച്ചു വരാമെന്ന ആശ്വാസമുണ്ട്.

ഇന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗമുണ്ട്. അതിനാല്‍ കാര്യമായ മറ്റു പരിപാടികളൊന്നും കവറ് ചെയ്യണ്ട. അതിനു മാത്രമുണ്ടാകും. ഈയിടെ കേര്‍പറേഷന്‍ മേയര്‍ക്കെതിരെ ഉയര്‍ന്ന അഴിമതിയാരോപണം പത്രക്കാര്‍ക്ക് വലിയ വാര്‍ത്തയാണ്. ടൗണ്‍ എഡിഷനിലേക്കുളള ലീഡ് വേറെ നോക്കണ്ട.
അല്ലേലും നോമ്പായതില്‍ പിന്നെ ലോക്കല്‍ പേജില്‍ വാര്‍ത്തകള്‍ കുറവാണ്. കോര്‍പറേഷനും മഴയും ചാകരയും റമസാന്‍ വിശേഷവുമൊക്കെയായി അങ്ങ് അഡ്ജസ്റ്റ് ചെയ്യുകയാണ്.
ഇന്നലെ അഴിച്ചു വെച്ച ഷര്‍ട്ടും പാന്റുമെടുത്ത് ചെയറിലിട്ടു. അവള്‍ വന്നെടുത്തോളും. ഇങ്ങോട്ട് വിളിക്കണ്ട, വന്നാല്‍ പിന്നെ പരാതി വേറെ കേള്‍ക്കാനുണ്ടാകും.

ബ്രഷ് ചെയ്തു തിരിച്ചു വന്നപ്പോള്‍ ഫോണില്‍ വണ്‍ മിസ്ഡ് കോള്‍.
ഡിസ്‌പ്ലേയില്‍ ചീഫിന്റെ നമ്പര്‍.

ഇന്നു വേറെയെന്തെങ്കിലും ഷെഡ്യൂളുണ്ടാവും. തിരിച്ചു വിളിക്കാന്‍ ഫോണെടുത്തപ്പോള്‍ അപ്പുറത്തുനിന്ന് മോളി വിളിക്കുന്നു , നജീക്കാ. ..
എന്താ..
നോമ്പ് ഇരുപതായി ....
ഉം..
പെരുന്നാളിന് ഡ്രസ് എടുക്കാത്തതിലുളള പരാതിയായിരിക്കും.. മാസം തീരാറായിട്ടും ശമ്പളം കിട്ടിയില്ല.
ഇന്നലെ സലീമിനോട് വാങ്ങിയ പൈസ കൈയ്യിലുണ്ട്. ഇന്ന് ഡ്യൂട്ടി മാറ്റി ഡ്രസ് എടുക്കാന്‍ പോയാലോ..
ചീഫിനോട് നേരത്തെ പറഞ്ഞിട്ടില്ല, എന്നാലും വേണ്ടില്ല,

അല്ലെങ്കില്‍ വേണ്ട നൗഫലിനെ വിളിച്ചു നോക്കാം നേരത്തെ വരുമോന്ന്.
രണ്ടുമൂന്നു തവണ റിങ് ചെയ്തിട്ടും പുളളിക്കാരന്‍ ഫോണ്‍ എടുക്കുന്നില്ല. ഉറക്കമായിരിക്കും.

(പിന്നീടുണ്ടായത്..
നൗഫല്‍ ഫോണ്‍ എടുത്തില്ല, നജീബ് ചീഫിനെ വിളിച്ചതുമില്ല, അന്നും പതിവു പോലെ ഡ്യൂട്ടിക്ക് വന്നു. പിറ്റേന്ന് വായ്പ വാങ്ങിയ പണവുമായി ഭാര്യയെയും കൂട്ടി കോഴിക്കോട്ട് പോയി ഉടുപ്പ് വാങ്ങി, കാലങ്ങളായി തുടരുന്ന വായ്പ വാങ്ങല്‍ പരിപാടി ഇത്തവണയും വേണ്ടി വന്നു.. എന്നാണിതില്‍ നിന്ന് മോചനമെന്ന് ആലോചിച്ച് കിടന്ന നജീബ് അറിയാതെ ഉറങ്ങിപ്പോയി)

പിറ്റേദിവസം രാവിലെ വീണ്ടും മോളി വിളി തുടങ്ങി..
നജീക്കാ......
അടുത്ത പരാതിയായിരിക്കും..
പുതപ്പ് വലിച്ചു മൂടി കണ്ണടച്ചു കിടന്നു.. തല്‍ക്കാലം മൗനം ഭൂഷണം..
ശമ്പളം തരേണ്ടവര്‍ ഇതൊക്കെ അറിയുന്നുണ്ടോ ആവോ.!

Sunday, September 29, 2013

peeping


കുറേക്കാലമായി ഈ ബ്ലോഗിലേക്ക് തിരിഞ്ഞു നോക്കാത്തത്..

തുടക്കത്തിലെ ആവേശം ഇപ്പോഴില്ല.. സ്വാഭാവികം..

സോറി..

Thursday, September 23, 2010

ഒരു പേരിലെന്തിരിക്കുന്നു....

ഒരു പേരിലെന്തിരിക്കുന്നു....
സ്വന്തം മക്കള്‍ക്ക്‌ ആരെങ്കിലും ചെകുത്താനെന്നോ കുരങ്ങെന്നോ പേരിടുമോ? ഇല്ലെന്നാണുത്തരമെങ്കില്‍ തെറ്റി. ആ പേരിനും വിപണിയില്‍ ഡിമാന്റാണെന്നാണ്‌ ചില രാജ്യങ്ങളില്‍ നിന്നുളള വിവരങ്ങള്‍ വ്യക്തമാക്കുന്നത്‌. പേരിടുന്ന കാര്യത്തില്‍ പലര്‍ക്കും നിബന്ധനകള്‍ പലതാണ്‌. കേള്‍ക്കാനിമ്പം വേണം, പ്രദേശത്ത്‌ മറ്റാര്‍ക്കുമില്ലാത്ത പേരാവണം, നാലാളു കേട്ടാല്‍ തരക്കേടില്ലെന്നു പറയണം.
ഇതൊക്കെ നമ്മുടെ നാട്ടിലെ കാര്യം. അമേരിക്കയിലാണെങ്കില്‍ നിങ്ങളുടെ കുഞ്ഞിന്‌ ഇഷ്ടമുളള പേരിടാം. അവിടെ അങ്ങനെയാണെന്നു കരുതി ലോകത്ത്‌ എല്ലായിടത്തെയും സ്ഥിതി അതാണെന്ന്‌ തെറ്റിദ്ധരിക്കരുതേ...
വിവിധ രാജ്യങ്ങള്‍ക്ക്‌ ഇക്കാര്യത്തില്‍ അവരുടെ സ്വന്തം നിയമങ്ങളുണ്ട്‌. സ്വീഡനില്‍ കുട്ടിക്ക്‌ ഉന്നത കുലജാതരുടെ പേരിടുന്നതിന്‌ മുമ്പ്‌ രണ്ടു വട്ടം ആലോചിക്കണം, കാരണം ഉന്നതരെന്ന്‌ പറയപ്പെടുന്നവരുടെ പേര്‌ സാധാരണക്കാര്‍ ഉപയോഗിക്കുന്നത്‌ നിയമം മൂലം നിരോധിച്ച നാടാണിത്‌. അതു മാത്രമോ, പേരിന്റെ ആദ്യ ഭാഗം ഉപയോഗിക്കുന്നതിന്‌ ആര്‍ക്കെങ്കിലും വിയോജിപ്പുണ്ടായാല്‍ അംഗീകാരം കിട്ടില്ല. ഇനി പേര്‌ മാറ്റണമെന്നിരിക്കട്ടെ, ആദ്യത്തെ പേരിന്റെ ഒരു ഭാഗമെങ്കിലും സൂക്ഷിക്കണം. മാത്രമല്ല, ഒരു തവണ മാത്രമേ പേര്‌ മാറ്റാന്‍ അനുവദിക്കുകയുളളൂ.
പേരിടാനുളള നിരവധി അപേക്ഷകളാണ്‌ ഇത്തരത്തില്‍ നിരസിക്കപ്പെട്ടത്‌. എന്നാലും 'ഗൂഗിളും' ലെഗോയും സ്വഡന്‍കാര്‍ക്ക്‌ സ്വീകാര്യമാണ്‌. ഇനി ജര്‍മനിയിലെ കാര്യം നോക്കൂ.. പേരിന്റെ ആദ്യഭാഗം കേട്ടാല്‍ തന്നെ കുട്ടി ആണോ പെണ്ണോയെന്ന്‌ മനസിലാകണമെന്ന നിയമമുണ്ടിവിടെ. കുട്ടിയുടെ സൗഖ്യത്തിന്‌ ഹാനിയുണ്ടാക്കുന്ന പേരിടാനും പാടില്ല. ഏതെങ്കിലും ഉല്‍പ്പന്നങ്ങളുടെ പേരോ, രണ്ടാം പേരോ ആദ്യഭാഗത്ത്‌ ഉപയോഗിക്കുന്നതിലും വിലക്കുണ്ട്‌.. ഇനി നിങ്ങളിട്ട പേരിന്‌ കുട്ടി ജനിച്ച പ്രദേശത്തെ സ്റ്റാറ്റിസ്റ്റിക്‌സ്‌ ഓഫീസ്‌ അനുമതി നിഷേധിച്ചാല്‍ അപ്പീല്‍ പോകാം. പക്ഷേ അപേക്ഷ നിരസിച്ചാല്‍ പേരു മാറ്റല്‍ മാത്രമാണ്‌ വഴി. മാത്രമോ, ഓരോ തവണയും നിശ്ചിത സംഖ്യ ഫീസും ഒടുക്കണം. പേരിടലും ചെലവേറിയ സംഗതിയാണെന്ന്‌ ചുരുക്കം.
നാമകരണത്തിനുള്ള അന്താരാഷ്ട്ര രൂപരേഖയാണ്‌ ജര്‍മനിക്ക്‌ ഇക്കാര്യത്തിലുളള അവലംബം. ജര്‍മന്‍ ഭാഷയിലല്ലാത്ത പേരുകളെക്കുറിച്ചറിയാന്‍ മറ്റു രാജ്യങ്ങളുടെ എമ്പസികളെയാണ്‌ ജര്‍മന്‍ അധികൃതര്‍ ആശ്രയിക്കുന്നത്‌. പൊല്ലാപ്പിനൊന്നും സമയമില്ലാത്തതിനാല്‍ തങ്ങളുടെ മക്കള്‍ക്ക്‌ മാക്‌സിമില്ല്യന്‍, അലക്‌സാണ്ടര്‍ എന്നീ പഴഞ്ചന്‍ പേരുകള്‍ നല്‍കി നിര്‍വൃതിയടയുകയാണ്‌ ജര്‍മനിക്കാരിപ്പോള്‍. തന്റെ മകന്‌ മാട്ടിയെന്ന്‌ പേരിടാനുളള ഒരച്ഛന്റെ അപേക്ഷ പേരില്‍ 'ആണത്ത'മില്ലാത്തതിനാല്‍ നിരസിച്ചിരിക്കുകയാണ്‌ അധികൃതര്‍.
ന്യൂസിലന്റില്‍ ചെകുത്താനും ഹിറ്റലര്‍ക്കും വിലക്കു വന്നു. കാര്യമില്ലാത്ത പേരിടലിന്‌ ഇവിടെ കര്‍ശന വിലക്കാണ്‌. ആവശ്യമില്ലാതെ നീട്ടിവലിച്ച്‌ പേരിടുന്നതും സ്ഥാനപ്പേരുകള്‍ നല്‍കുന്നതും വിലക്കിയിരിക്കുകയാണിവിടെ. സെക്‌സ്‌ ഫ്രൂട്ട്‌, ട്വസ്റ്റി പോയ്‌ എന്നീ പേരുകളും അനുമതി നിഷേധിക്കപ്പെട്ട പട്ടികയില്‍ തന്നെ. അതേ സമയം നവമ്പര്‍ 16, ബസ്‌ഷെല്‍ട്ടര്‍, വയലന്‍സ്‌ (ഹിംസ) മിഡ്‌നൈറ്റ്‌ (പാതിരാത്രി) എന്നീ പേരുകള്‍ക്ക്‌ അംഗീകാരം ലഭിച്ചിട്ടുണ്ട്‌.
ജാപ്പനീസ്‌ ഭാഷയില്‍ 'അകുമ'യെന്ന വാക്കിനര്‍ത്ഥം ചെകുത്താനെന്നാണ്‌. അതിനാല്‍ മൂപ്പര്‍ പടിക്കുപുറത്ത്‌ തന്നെ. കുട്ടികള്‍ക്ക്‌ പേരിനൊപ്പം കുടുംബപ്പേരും ചേര്‍ക്കല്‍ ഇവിടെ പതിവാണ്‌. രാജാക്കന്‍മാര്‍ സാധാരണയായി കുടുംബപ്പേര്‌ ചേര്‍ക്കാറില്ല. തങ്ങളുടെ പേരുകള്‍ എളുപ്പത്തില്‍ എഴുതാനും വായിക്കാനും കഴിയണമെന്ന താല്‍പ്പര്യക്കാരാണ്‌ ജപ്പാനികള്‍.
ഡെന്‍മാര്‍ക്കുകാര്‍ തങ്ങളുടെ കുട്ടികള്‍ക്ക്‌ പുതുമയുളള പേരിടുന്നത്‌ പതിവായതോടെ സര്‍ക്കാറിന്‌ ഇടപെടേണ്ടിവന്നു. സര്‍ക്കാര്‍ അംഗീകാരം നല്‍കിയ ഏഴായിരത്തോളം പേരുകളില്‍ നിന്ന്‌ തെരഞ്ഞെടുത്തുവേണം ഇവരുടെ മക്കള്‍ക്ക്‌ പേരിടാന്‍. ഇനി പട്ടികക്ക്‌്‌ പുറത്തുളള പേരാണ്‌ വേണ്ടതെങ്കില്‍ സ്ഥലത്തെ പളളിയില്‍ നിന്ന്‌ പ്രത്യേക അനുമതി വാങ്ങണം. ശേഷം സര്‍ക്കാര്‍ വക പുന: പരിശേധനയും ഈ പേരിന്റെ കാര്യത്തിലുണ്ടാവും. ഇങ്ങനെയൊക്കെയാണെങ്കിലും ക്രിയാത്മകമായ പരീക്ഷണങ്ങളൊന്നും പേരില്‍ പാടില്ല. ജര്‍മനിയിലേത്‌ പോലെ ഇവിടെയും പേരിന്റെ ആദ്യഭാഗം അവസാനത്തിലും മറിച്ചും ഉപയോഗിക്കാന്‍ പാടില്ല. കുരങ്ങനും പ്ലൂട്ടോയും നിരസിക്കപ്പെട്ട പേരില്‍ പെടുന്നവയാണ്‌.
ചൈനക്കാര്‍ ഇക്കാര്യത്തില്‍ ഒരു പടി മുന്നി ലാണെന്ന്‌ പറയാം. കമ്പ്യൂട്ടര്‍ സ്‌കാനറുകള്‍ക്ക്‌ എളുപ്പത്തില്‍ വായിക്കാന്‍ കഴിയുന്നതാണ്‌ ഇവിടുത്തെ പേരുകള്‍. പാരമ്പര്യമായി നല്‍കുന്ന പേരുകളില്‍ നിന്ന്‌ വിത്യസ്‌തമായി എളുപ്പത്തില്‍ വായിക്കാനാവുന്ന കുഞ്ഞു പേരുകളിടാനാണ്‌ ഇവിടത്തെ സര്‍ക്കാര്‍ ജനങ്ങളോട്‌ നിര്‍ദേശിക്കുന്നത്‌. നമ്പറുകളോ ചൈനക്കു പുറത്തുള്ള പേരുകളോ ്‌അംഗീകരിക്കില്ല. കമ്പ്യൂട്ടറില്‍ ലഭ്യമല്ലാത്ത അക്കങ്ങളോ മറ്റോ അനുവദിക്കില്ല. 70,000 ത്തിലധികം വരുന്ന ചൈനീസ്‌ അടയാളങ്ങളില്‍ 13000 മാത്രമാണ്‌ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്നത്‌. @ എന്ന ചിഹ്നത്തിന്‌ 'അവനെ സ്‌നേഹിക്കുക' എന്നാണര്‍ത്ഥം. ചൈനീസ്‌ ഭാഷയില്‍ അയ്‌റ്റേ എന്നുവായിക്കുന്ന ഈ പേരും പട്ടികക്ക്‌ പുറത്ത്‌ തന്നെ.  

Monday, August 9, 2010

'ഞാനാണെന്റെ താരം'.

മറ്റുള്ളവരെക്കുറിച്ചെഴുതാന്‍ എളുപ്പമാണ്‌. അവരെ വാക്കുകളുടെ മാന്ത്രിക സ്‌പര്‍ശത്തോടെ വരച്ചിടാം. പുകഴ്‌ത്തലിന്റെ വിരസതയിലൂടെ ഇക്കിളിപ്പെടുത്താം. അതുമല്ലെങ്കില്‍ ഭാഷയുടെ രൂക്ഷതയിലൂടെ മുറിപ്പെടുത്താം. പക്ഷേ, സ്വന്തത്തെക്കുറിച്ചെഴുതുമ്പോള്‍ (അതാവും ലോകത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്‌്‌) ധര്‍മ സങ്കടത്തിലാവും.
ഞാനെന്ന ഭാവം അഥവാ അഹംഭാവം മനുഷ്യന്‌ അത്രയിഷ്ടമുള്ള വാക്കൊന്നുമല്ല. അതുകൊണ്ടായിരിക്കാം ഞാന്‍ താരമാകുമ്പോള്‍ മനസിന്റെ ഏതോ കോണിലെപ്പഴോ കുരുങ്ങിക്കിടന്ന എന്തോ ഒന്ന്‌ മനസിനെ വല്ലാതെ മുറിപ്പെടുത്തുന്നത്‌. ഗാഢനിദ്രയിലാണ്ടവനെ പാതിരാത്രി വിളിച്ചു ചോദിക്കൂ, നീയാരാണെന്ന്‌. 'ഞാന്‍...ഞാന്‍...ഓ ഞാനാരാണ്‌? എപ്പോഴോ ഞാന്‍ പോലുമറിയാതെ ഈ ലോകത്തേക്ക്‌ പിറന്ന്‌ വീണു. ഇന്നയാളുടെ മകന്‍/മകള്‍ അല്ലെങ്കില്‍ ഭര്‍ത്താവ്‌..അങ്ങനെ ചില അടയാളപ്പെടുത്തലുകളിലൊതുങ്ങും പരിചയപ്പെടുത്തല്‍. മറ്റൊരു തരത്തില്‍ ജീവിതത്തിന്റെ അനിവാര്യതയില്‍ ചാര്‍ത്തിനല്‍കപ്പെട്ട ചില തലക്കെട്ടുകളില്‍ തന്നെ അടയാളപ്പെടുത്താനൊരു ശ്രമം. അതിലൊതുങ്ങും ഞാനെന്ന താരത്തിന്റെ സ്വത്വ പ്രദര്‍ശനം.
ജീവിതത്തിലൊരിക്കലെങ്കിലും താരമാവാന്‍ കൊതിക്കാത്തവരുണ്ടാവില്ല. ഞാന്‍ താരമാവുന്ന ലോകം സ്വപ്‌നത്തിലെങ്കിലും അനുഭവിക്കാത്തവരുമുണ്ടാവില്ല. സ്വപനം അതിനാണല്ലോ. ജീവിതത്തിലൊരിക്കലെങ്കിലും രാജകുമാരനാവാന്‍ അവസരം നല്‍കുന്ന ഒരിടം. ഞാനും അങ്ങനെയാണ്‌. ഓരോ തവണയു ം താന്‍ കാണുന്ന വീരനായകന്‍മാരില്‍ തന്നെ പ്രതിഷ്‌ഠിച്ച്‌ വലിയ നേട്ടങ്ങളില്‍ വിരാജിക്കുന്ന, ആരും കൊതിക്കുന്ന സ്ഥാനങ്ങളില്‍ സ്വയം മതിമറന്ന്‌ നിര്‍വൃതിയടുന്ന ഒരു സാധാരണക്കാരന്‍. പേശീ ബലം കാട്ടി കീഴടക്കാന്‍ വന്നവരെ ഇച്ഛാശക്തി കൊണ്ട്‌ മുട്ടുകുത്തിച്ച രാഷ്ട്രപിതാവ്‌. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ഗൃഹപാഠം ചെയ്‌ത പ്രധാനമന്ത്രി. മലയാളമണ്ണിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ജനിച്ച്‌ , അരികുകളിലേക്ക്‌ മാറ്റപ്പെട്ടവരില്‍ നിന്ന്‌ അഭിമാനത്തോടെ എഴുന്നേറ്റ്‌ നിന്ന്‌ രാഷ്ട്രത്തിന്റെ പ്രഥമ പൗരനായ എളിയ മനുഷ്യന്‍, സ്വപ്‌നങ്ങളുടെ അഗ്നിച്ചിറകുകള്‍ക്ക്‌ കരുത്തു പകര്‍ന്ന ചിന്തയുടെ പ്രതീകം. ഇവരെയെല്ലാം എന്നിലേക്ക്‌ ആവാഹിച്ച്‌ ചുറ്റുമുളളവരില്‍ നിന്ന്‌ ആശ്ലേഷണങ്ങള്‍ ഏറ്റുവാങ്ങി ആനന്ദം കണ്ടെത്തുന്ന ഈ ലോകം. അവിടെ ഞാനാതണ്‌ താരം. ഞാനും ജനിച്ചത്‌ ഗ്രാമത്തിലാണ്‌. വയല്‍ വരമ്പിലൂടെ, ചെമ്മണ്‍ പാതയിലൂടെ, ആളനക്കമില്ലാത്ത ഇരുണ്ട വീഥികളിലൂടെ അങ്ങനെയായിരുന്നു ആ യാത്ര.
വേഗം വലുതാവണമെന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ സ്വപ്‌നം. വളരുമ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം കളിവണ്ടിയുരുട്ടി നടന്ന കാലം തിരിച്ചുകിട്ടില്ലെന്ന്‌ ഒരിക്കലും ഓര്‍ത്തിരുന്നില്ല. അന്ന്‌ നിഷ്‌കളങ്കതയുറ്റിനിന്ന കൊച്ചുകണ്ണുകളിലൂടെ കണ്ടിരുന്ന ലോകമായിരുന്നില്ല പിന്നീട്‌...മാറ്റം അതിന്റെ അര്‍ത്ഥതലങ്ങളില്‍ പുറത്തേക്ക്‌ കുതറിയോടാന്‍ ശ്രമിച്ചിരുന്നു. ഏഴാം തരത്തില്‍ നിന്ന്‌ ഹൈസ്‌കൂളിലെത്തിയപ്പോഴാണ്‌ മാറ്റം- ഇനി ഉച്ചക്കഞ്ഞിയും പയറും കട്ടില്ലെന്ന്‌ - ഞാനറിഞ്ഞത്‌. ഇലച്ചോറും ചമ്മന്തിയും കഴിക്കാന്‍ ഒരുമണിവരെ കാത്തിരിക്കുന്നതിലായിരുന്നു പിന്നീടുളള സുഖം.
കാലത്തിന്റെ ചക്രം അതി വേഗത്തില്‍ തിരിഞ്ഞിരുന്നു. ഓട്ടോഗ്രഫിയില്‍ കുറിച്ചിട്ട കുഞ്ഞു കളളങ്ങള്‍ വായിച്ചു രസിക്കുമ്പോള്‍ കൂട്ടുകാര്‍ കുസൃതിയോടെ ചാര്‍ത്തിത്തന്ന വാക്കുകളുടെ അര്‍ത്ഥരാഹിത്യം മനസിലാകുന്നത്‌. വളര്‍ന്നതോടെ സ്വപ്‌നങ്ങള്‍ക്കും മാറ്റം വന്നിരുന്നു. ചരിത്രത്തിന്റെ താളുകള്‍ അങ്ങനെയൊരു മാറ്റത്തിന്‌ എന്നെ പ്രേരിപ്പിച്ചിരുന്നു. ചിലപ്പോഴെങ്കിലും ആ സ്വപ്‌നങ്ങളിലെ കഥാപാത്രങ്ങള്‍ സംഘട്ടനങ്ങളിലേര്‍പ്പെട്ടിരുന്നു. ഉറക്കം വരാന്‍ പതിവിലേറെ കാത്തിരിക്കേണ്ട രാത്രികള്‍ സമ്മാനിച്ചിരുന്നു. ഞാന്‍ സ്‌നേഹ സമ്പന്നനാണെന്ന്‌, അങ്ങനെയാവണമെന്ന്‌ സ്വയം ആശിച്ചിരുന്നു. ലോകത്ത്‌ ഞാനേറെ സ്‌നേഹിച്ചിരുന്നത്‌ എന്നെ മാത്രമായിരുന്നു. കണ്ണാടി മുഖത്തേട്‌ ചേര്‍ത്ത്‌ വെച്ച്‌ ചിരിക്കുമ്പോള്‍ ഞാന്‍ സുന്ദരനായിരുന്നു. കണ്ണാടിയില്‍ നോക്കി ചിരിക്കുമ്പോള്‍ എല്ലാവരും സുന്ദരന്‍മാരായിരിക്കുെമെന്ന്‌ എന്നെ പഠിപ്പിച്ചത്‌ എന്റെ പതിനേഴുകാരന്‍ സുഹൃത്തായിരുന്നു.
ഈ ലോകത്ത്‌ ജീവിക്കാന്‍ എളുപ്പമല്ലെന്ന്‌ തിരിച്ചറിയാന്‍ കൗമാരത്തിലെത്തേണ്ടി വന്നു. അവിടെയും പക്ഷേ ഞാനെന്റെ ലോകം പടുത്തുയര്‍ത്തി. ലോകം എന്നെ പുകഴ്‌ത്തും. കൂട്ടുകാര്‍ എന്നോട്‌ സൗഹൃദം പങ്കിടാന്‍ മല്‍സരിക്കും. നാട്ടുകാര്‍ എന്റെ നാടിനെ തിരിച്ചറിയാനുള്ള അടയാളമാക്കി എന്നെ മാറ്റും. കുടുംബക്കാര്‍ പുതിയ ബന്ധത്തിന്റെ അനുപാതങ്ങള്‍ കണ്ടെത്തും. കൂടെ പഠിച്ചവര്‍ ഒരേ ബഞ്ചിലുരുന്ന്‌ പഠിച്ചവരെന്ന്‌ വീമ്പിളക്കും. ഗുരുക്കന്‍മാര്‍ തങ്ങളുടെ ശിഷ്യനെന്ന്‌ അഭിമാനം കൊള്ളും. മാതാപിതാക്കള്‍ എന്നിലൂടെ അറിയപ്പെടും. സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ നാടിന്റെ അഭിമാനമെന്ന്‌ അടയാളപ്പെടുത്തും....അതെ , ഇത്‌ എന്റെ ലോകമാണ്‌. ഞാനാണിവിടെ താരം, അതിലുപരി 'ഞാനാണെന്റെ താരം'.

Thursday, July 22, 2010

ആന്ധ്രയിലെ ഒരു സായാഹ്നം

2005 ജൂണിലെ ഒരു സായാഹ്നം. ആന്ധ്രയിലെ രാജ്‌മന്‍ഡ്രി നഗരത്തില്‍ നിന്നും മുപ്പത്‌ കി. മി അകലെയുള്ള ഒരു കൊച്ചുഗ്രാമം, റായ്‌വാരം. ഏക്കറുകളോളം നീണ്ടുകിടക്കുന്ന നെല്‍വയലുകളുടെ നടുവില്‍ നിവര്‍ന്നു കിടക്കുന്ന ഒരു കൊച്ചു സുന്ദരി. ഗ്രാമീണരില്‍ ഏറിയ പങ്കും കര്‍ഷകത്തൊഴിലാളികള്‍. കൃഷിയും ഗോ പരിപാലനവും മാത്രം ജീവിതോപാധിയാക്കിയ ഇവര്‍ സാമ്പത്തിക നേട്ടത്തിനു മാത്രം കൃഷിയെ ഉപയോഗിക്കുന്നവരല്ല.
വെയിലിന്റെ ചൂടുകുറഞ്ഞു വരുന്നു. തെരുവ്‌ സജീവമാകുന്നു. പണികഴിഞ്ഞ്‌ വീടുകളിലേക്ക്‌ മടങ്ങുന്ന തൊഴിലാളികള്‍ സൊറപറഞ്ഞ്‌ കൂട്ടത്തോടെ സൈക്കിളില്‍ നീങ്ങുന്ന കാഴ്‌ച ഇവിടത്തെ പതിവാണ്‌. ഹാഫ്‌ ട്രൗസറും ബനിയനുമിട്ട്‌, മണ്‍പുരണ്ട കലപ്പയുമേന്തി~കൂട്ടമായി നീങ്ങുന്ന കര്‍ഷകര്‍ ഇവിടുത്തെ കാര്‍ഷിക സംസ്‌ക്കാരത്തിന്റെ മായാത്ത അടയാളമാണ്‌. മണ്ണിനെ മനസ്സിലേറ്റിയ ഇവരുടെ കഠിനാദ്ധ്വാനമാണ്‌ മലയാളികളടക്കമുള്ള വലിയൊരു ജനവിഭാഗത്തെ തീറ്റിപ്പോറ്റുന്നത്‌. ഇടയ്‌ക്കിടെ, നിറയെ കരിമ്പുമായി കടന്നു പോകുന്ന വലിയ ട്രാക്‌ടറുകള്‍. കരിമ്പിന്‍കണ്ടം പിടിച്ചുവലിക്കുന്ന പയ്യന്‍മാര്‍.....ട്യൂഷന്‍ മാസ്റ്ററുടെ സൊറക്ലാസ്‌ കഴിഞ്ഞ്‌ മടങ്ങുന്ന കുട്ടികള്‍. സാരി മടക്കിക്കുത്തിയുടുത്ത്‌ പാല്‍പാത്രവുമായി നീങ്ങുന്ന സ്‌ത്രീകള്‍. സായാഹ്നങ്ങളിലെ ഈ കാഴ്‌ച്ചകള്‍ കണ്ടുകൊണ്ട്‌ പഴയൊരു സൈക്കിളില്‍ ഞാന്‍ മുന്നോട്ട്‌ നീങ്ങി. ട്രാക്‌ടറുകളുടെ ഇരമ്പല്‍ തെരുനവിനെ അലോസരപ്പെടുത്തുന്നതായി്‌ തോന്നി.
ദൂരെയുളള ഗ്രാമങ്ങളില്‍ കുട്ടികളെ ഇറക്കി സ്‌കൂള്‍ ബസുകള്‍ തിരിച്ചുവരുന്നു. അങ്ങാടി കടന്ന്‌ സൈക്കിള്‍ മുന്നോട്ട്‌ നീങ്ങി. പാതയോരത്തെ കരിമ്പനകള്‍ റോഡില്‍ നിഴല്‍ വിരിച്ചു. ഇരു വശങ്ങളിലും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെല്‍വയല്‍. കൂട്ടത്തോടെ മേഞ്ഞ്‌ നടക്കുന്ന കാലികള്‍...ഏതോ ബസ്‌ അടുത്ത ഗ്രാമത്തെ ലക്ഷ്യമാക്കി ഹോണടിച്ചു നീങ്ങുന്നുണ്ടായിരുന്നു.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന്‌ കാതങ്ങള്‍ താണ്ടി ഇവിടെയെത്തിയ എനിക്ക്‌ ഈ കാഴ്‌ച്ചകള്‍ പുതിയതായിരുന്നു. കൊയ്‌ത്തു കഴിഞ്ഞ പാടം അടുത്ത കൃഷിയിറക്കാനായി കാത്തുകിടക്കുകയായിരുന്നു. അര്‍ദ്ധ നഗ്നനായ ഒരു വൃദ്ധന്‍ കൂറ്റനൊരു കാളയെയും തെളിച്ചുകൊണ്ട്‌ സാവധാനം നടന്നു നീങ്ങി. നീണ്ടു കിടക്കുന്ന പുല്‍ക്കൊടികള്‍ ആര്‍ത്തിയോടെ നക്കിയെടുത്ത്‌ മുന്നോട്ട്‌ നീങ്ങുന്ന കാളയെ കാണാന്‍ നല്ല ചന്തമുണ്ട്‌. സ്‌കൂള്‍ വിട്ട്‌ ക്രിക്കറ്റ്‌ കളിക്കാനായി ബാറ്റും പന്തുമേന്തി മൈതാനത്തേക്ക്‌ സൈക്കിളില്‍ നീങ്ങുന്ന ഏതാനും പയ്യന്‍മാര്‍. കുറച്ച്‌ മുന്നോട്ട്‌ നീങ്ങിയപ്പോള്‍ കണ്ടു; വയലിനെ മുറിച്ചു നീണ്ടു കിടക്കുന്ന ചെമ്മണ്‍ പാത. സൈക്കിള്‍ അങ്ങോട്ടു തിരിച്ചു..സൂര്യന്‍ ചുവന്നു വരുന്നു..ദൂരെ കാറ്റില്‍ ആടിയുലയുന്ന കരിമ്പനക്കൂട്ടം. പനമ്പാള കുത്തിയുണ്ടാക്കിയ തൊപ്പിയിട്ട ഒരാള്‍ ചവിട്ടുവണ്ടിയില്‍ ധൃതിയില്‍ പോയി. മുന്നോട്ടു നീങ്ങി.. മനുഷ്യമലം കരിഞ്ഞുണങ്ങിയ മണം കാറ്റില്‍ പരന്നു..മൂക്കുപൊത്തി മുന്നോട്ട്‌ നീങ്ങി ...പക്ഷേ, പോകുന്തോറും അത്‌ കൂടി വരുന്നു. കുറച്ചകലെ ഒരാള്‍ കാര്യം സാധിക്കാനായി വഴിയോരത്ത്‌ അമര്‍ന്നിരിക്കുന്നു...
ഇവിടെയിങ്ങിനെയാണ്‌. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു നാണവുമില്ല. കാര്യം സാധിക്കണമെന്നു തോന്നിയാല്‍ വഴിയോരമെന്നോ മറ്റോ ...ഒരു ധാരണയുമില്ല. ഇക്കാര്യത്തില്‍ അവര്‍ മലയാളികളെ കണ്ടുപഠിക്കണം. ഇവിടെ കക്കൂസുകള്‍ ഉപയോഗിക്കുന്ന ശീലം വളരെക്കുറവ്‌. ഉപയോഗിക്കുന്നവര്‍ തന്നെ വൃത്തിയായി കൈകാര്യം ചെയ്യാനറിയാത്തവര്‍. കാര്യം പച്ചയക്കു കണ്ട സ്ഥിതിക്ക്‌ ഇനിയവിടെ നില്‍ക്കേണ്ടെന്ന്‌ തോന്നി സൈക്കിള്‍ മെല്ലെ തിരിച്ചു.. റോഡിലേക്ക്‌ കയറി മറ്റൊരു മണ്‍പാതയിലേക്കു നീങ്ങി. ദൂരെ കുട്ടികള്‍ കളിക്കുകയാണെന്ന്‌ തോന്നുന്നു. കളികാണാമെന്ന്‌ കരുതി അങ്ങോട്ടു സൈക്കിള്‍ പതുക്കെ ചവുട്ടി.
സൈക്കിളിന്‌ ഒരു പ്രത്യേക താളമുണ്ടായിരുന്നു. തുരുമ്പെടുത്ത്‌ തുടങ്ങിയ മഡ്‌ഗാര്‍ഡ്‌ അവിടിവിടെ തട്ടി ശബ്‌ദമുണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നു. വര്‍ഷങ്ങളോളം പലരെയായി പേറിയ അതിന്‌ ഒരുപാടനുഭവങ്ങള്‍ പങ്കുവെക്കാനുളളതായി തോന്നി. അത്‌ ഈ ഗ്രാമത്തിലെത്തിയിട്ട്‌ ആണ്ടുകള്‍ പലതു കഴിഞ്ഞിരുന്നു. സൈക്കിളില്‍ കിലോമീറ്ററുകള്‍ താണ്ടുന്ന അന്നാട്ടുകാര്‍ക്ക്‌ അതൊരു അവശ്യ വസ്‌തുവായിരുന്നു. പശുവും സൈക്കിളുമില്ലാത്ത വീടുകള്‍ അന്നാട്ടില്‍ കുറവായിരുന്നു.
തുടരും....

കടലെടുത്ത സ്വപ്‌നങ്ങള്‍

മുഖദാര്‍, കോഴിക്കോട്ടെ ഒരു കൊച്ചു പ്രദേശം..വര്‍ഷകാലമായാല്‍ ഈ തീരദേശം മാധ്യമങ്ങളില്‍ സ്ഥിരം ഇടം നേടാറുണ്ട്‌. സാമൂഹ്യ വിരുദ്ധരുടെ ഇടപെടലുകള്‍ കൊണ്ടല്ല., പ്രകൃതിയുടെ അനിവാര്യമായ വികൃതി കൊണ്ടാണെന്നു മാത്രം. കടലെടുക്കുന്ന തീരവും വീടുകളും എന്നും മുഖദാറുകാരുടെ സംസാര വിഷയമാണ്‌. ഓരോ മഴക്കാലവും ഇവര്‍ക്ക്‌ ദുരന്തങ്ങള്‍ സമ്മാനിച്ചാണ്‌ മടങ്ങാറ്‌. പ്രതീക്ഷയുടെ മനക്കോട്ടകള്‍ തകര്‍ന്നു വീണ കഥകള്‍ അങ്ങനെയാണ്‌ പത്രത്താളുകളില്‍ നിറയുന്നത്‌.
അല്ലെങ്കിലും മനുഷ്യര്‍ ജീവിക്കുന്നത്‌ പ്രതീക്ഷകളിലാണല്ലോ. അത്‌ തകരുമ്പോള്‍ നാമതിനെ ദൂരന്തമെന്ന്‌ വിളിക്കുന്നു. മറ്റുചിലപ്പോള്‍ വിധിയെന്നും. ഇതിനു മുന്നില്‍ അവന്‍ നിസഹായനാണെന്ന്‌ അനുമാനിക്കുകയും ചെയ്യുന്നു. അപ്പോഴും അവന്‍ വിധി എന്ന രണ്ടക്ഷരത്തില്‍ ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നു. സ്വപ്‌നങ്ങള്‍ തകരുമ്പോള്‍ ചിലരൊക്കെ അതിലുരുകിക്കഴിയും. ചിലപ്പോള്‍ ആവലാതികളുടെ ഭാണ്‌ഡക്കെട്ടുകള്‍ മറ്റുളളവരിലേക്ക്‌ ഇറക്കി വെക്കും. എന്നാല്‍ മറ്റുചിലര്‍ മൊയതീന്‍കോയയെപ്പോലെയാണ്‌, ദുരന്തങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണെന്ന്‌ വിശ്വസിക്കുക; അതിനെ ഉള്‍ക്കൊള്ളുക.
മുഖദാറിലെ മരക്കാര്‍ കടവ്‌ പറമ്പ്‌ മൊയ്‌തീന്‍ കോയയെക്കുറിച്ചാണ്‌ സൂചിപ്പിച്ചത്‌. തന്റെ ജീവിതം എവിടെത്തുടങ്ങിയെന്ന്‌ ചോദിച്ചാല്‍ മൊയ്‌തിന്‍ കോയക്ക്‌ കൃത്യമായ ഉത്തരമില്ല. എന്നാല്‍ താന്‍ ജീവിച്ചത്‌ ഇവിടെയാണെന്ന്‌ മുഖദാറിലെ കടല്‍ തീരവും കടലും ചൂണ്ടി അയാള്‍ പറയും. രാപ്പകല്‍ ഭേദമന്യേ കടലിനോട്‌ മല്ലിട്ടാണ്‌ താനും ഭാര്യയും നാലു മക്കളുമടങ്ങുന്ന കുടുംബത്തിന്‌ അന്നം കണ്ടെത്തിയത്‌. മൊയതീന്‍ കോയക്ക്‌ ജീവിതവും അങ്ങനെയായിരുന്നു കടല്‍പോലെ; പ്രക്ഷുബ്‌ധവും...ചിലപ്പോള്‍ ശാന്തവും
വലിയ സ്വപ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല മൊയ്‌തീന്‍ കോയക്ക്‌. തനിക്കും കുടുംബത്തിനും തലചായ്‌ക്കാനൊരിടം, ഒരു കൊച്ചുവീട്‌- അതുമാത്രം. കടലില്‍ പോയാല്‍ അഞ്ചര വയറിന്റെ പശിയടക്കാനുള്ള വകയൊക്കും, ബാക്കിയൊന്നുമുണ്ടാവില്ല..സ്വപ്‌നങ്ങള്‍ക്കായി മിച്ചം വെക്കാന്‍...
ദാരിദ്ര്യം മലയാളിയെ ഗള്‍ഫിലെത്തിച്ച കാലം. കടല്‍ മാത്രം കണ്ടു വളര്‍ന്ന മുഖദാറുകാരും അക്കാലത്ത്‌ കടല്‍ കടക്കാന്‍ തുടങ്ങിയിരുന്നു. അതിലേറെയും വീട്ടുജോലിക്ക്‌ പോകുന്ന സ്‌ത്രീകളായിരുന്നന്നു. മൊയ്‌തീന്‍ കോയയുടെ ഭാര്യ ആയിഷയും അങ്ങനെ ചിന്തിക്കാതിരുന്നില്ല. മൊയതീന്‍ കോയ പക്ഷേ, സമ്മതിച്ചില്ല. എന്നാല്‍ വളര്‍ന്നു വരുന്ന രണ്ട്‌ പെണ്‍മക്കള്‍ തന്റെമുന്നില്‍ നിറഞ്ഞു നില്‍ക്കുന്നത്‌ അയാളെ അസ്വസ്ഥനാക്കിയിരുന്നു. അങ്ങനെ ഒരു ദിവസം അവര്‍ ആ തീരുമാനത്തിലെത്തി: ആയിഷ, ഉള്ളതെല്ലാം വിറ്റുപെറുക്കി ദൂബൈക്ക്‌ പറന്നു.
മുന്തിയ അത്തറിന്റെ മണം ഗള്‍ഫുകാരനെ അടയാളപ്പെടുത്തിയ കാലം കഴിഞ്ഞിരുന്നു. ഏതൊരു പ്രവാസിയെയും പോലെ പ്രതീക്ഷകള്‍ മാത്രമായിരുന്നു ആയിഷക്കും കൂട്ട്‌. അറബിയുടെ അടുക്കളയില്‍ അവര്‍ എല്ലുമുറിയെ പണിയെടുത്തു. തന്റെ ലോകം നാലു ചുമരുകള്‍ക്കിടയില്‍ ചുരുങ്ങിയതായി തോന്നി ആയിഷക്ക്‌. നാലു വര്‍ഷം നാല്‍പ്പത്‌ വര്‍ഷം പോലെ ....``അതൊരു വല്ലാത്ത ജീവിതായിരുന്നു. അറബീന്റെ ആട്ടും തുപ്പും കേട്ടുള്ള ജീവിതം''. തന്റെ പ്രവാസ ജീവിതത്തെ അവര്‍ വരച്ചിടുന്നത്‌ ഇങ്ങനെയാണ്‌. അന്ന്‌ തീരുമാനിച്ചു. പട്ടിണിയാണെങ്കിലും അഭിമാനത്തോടെ നാട്ടില്‍ കഴിയാമെന്ന്‌. ഇനിയൊരിക്കലും ഇവിടേക്കില്ലെന്ന തീരുമാനത്തോടെ ആയിഷ അറബി നാട്ടിനോട്‌ വിടചൊല്ലി.
പ്രതീക്ഷയുടെ വലിയ ഭാരം ചുമലിലേറി ഗള്‍ഫിലേക്ക്‌ പോയ ആയിഷ ഈന്തപ്പനകളുടെ നാടിനെ ഇട്ടേച്ച്‌ പോകുമ്പോഴും പ്രതീക്ഷകള്‍ മാത്രമായിരുന്നു ബാക്കിയായത്‌. തുച്‌ഛമായ ശമ്പളമായിരുന്നു അന്ന്‌ കിട്ടിയിരുന്നത്‌. അതും പലപ്പോഴും മുടങ്ങി. പ്രവാസിയായി മടങ്ങിവന്നപ്പോഴും താമസം വാടക വീട്ടില്‍ തന്നെയായിരുന്നു. മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ ആ കുടുംബം സ്വന്തമായൊരു വീട്‌ വിലക്കുവാങ്ങിയത്‌; മുഖദാറില്‍ കടലിനോട്‌ ചേര്‍ന്ന്‌ ഒരു കൊച്ചുവീട്‌. ചെറുതാണെങ്കിലും സ്വന്തമാണെന്നാശ്വസിച്ചു. ഒരു മകളുടെ കല്ല്യാണം നടത്തി. ആ സന്തോഷം പക്ഷേ അധികകാലം നീണ്ടു നിന്നില്ല.
രണ്ടായിരത്തി ഏഴ്‌ മെയ്‌ മാസം. രണ്ടുവര്‍ഷം മുമ്പുണ്ടായ സുനാമി ലോകത്തെ പിടിച്ചു കുലുക്കിയിരുന്നു. കടല്‍ നക്കിയെടുത്ത മനുഷ്യരെയോര്‍ത്ത്‌ ലോകം വിറങ്ങലിച്ചു നില്‍ക്കുന്ന ഒരു പകല്‍. കടല്‍ അതിന്റെ രൗദ്രഭാവം തിരമാലകളിലൊളിപ്പിച്ചിരുന്നു. ഓളങ്ങള്‍ ശക്തമായ കടല്‍ ക്ഷോഭംതീര്‍ത്തു ...അതിലൊരു തിര ആ കൊച്ചു വീടിനെ തകര്‍ത്തെറിഞ്ഞു. വിധിയുടെ അടയാളങ്ങളില്‍ പകച്ചു നിന്നു ആ കുടുംബം. കടല്‍ ഇട്ടേച്ചുപോയ ശേഷിപ്പുകള്‍ പെറുക്കിയെടുത്ത്‌ മെയ്‌തീന്‍ കോയയും കുടുംബവും കനിവിനായി കാത്തു. തങ്ങളുടെ കൊച്ചുകൂരകളില്‍ അയല്‍വാസികള്‍ നല്‍കിയ ഇത്തിരി സ്ഥലം ഒത്തിരി സ്‌നേഹത്തിന്റെ പ്രതീകമായി.
ആശ്വാസ വാക്കുകള്‍ക്ക്‌ മാത്രം ഒരു കുറവുമുണ്ടായിരുന്നില്ല. എം എല്‍ എ മാരുള്‍പ്പെടെയുള്ള ജനപ്രതിനിധികളും വന്നു. സാന്ത്വന വാക്കുകളും വാഗ്‌ദാനങ്ങളും ഒഴുകി. അന്ന്‌ മുഖദാറില്‍ കടലെടുത്ത വീടുകള്‍ വേറെയുമുണ്ടായിരുന്നു. ഒന്നോ രണ്ടോ ആയിരുന്നില്ല നൂറോളം വീടുകള്‍ ...തീരദേശ പാതക്ക്‌ വേണ്ടി ഭൂമി നഷ്‌ടപ്പെടുന്നവരില്‍ ഉള്‍പ്പെടുത്തി തൊന്നൂറ്റിമൂന്ന്‌ പേര്‍ക്ക്‌ രണ്ടരസെന്റ്‌ ഭൂമി വീതം ലഭിച്ചു. പതിമൂന്ന്‌ പേരെ സര്‍ക്കാര്‍ തീര്‍ത്തും അവഗണിച്ചു. മുഖദാറിലെ മരക്കാര്‍ കടവ്‌ പറമ്പ്‌ ബീരാന്‍ കുട്ടിയും ശംസുവും...അങ്ങനെ നീളുന്നു ആ പട്ടിക . സ്വന്തം വീട്ടില്‍്‌ മൂന്ന്‌ കൊല്ലം തികച്ചു താമസിക്കാനാവാത്ത മൊയ്‌തീന്‍ കോയയും പരിധിക്ക്‌ പുറത്തായിരുന്നു. അധികാരികളുടെ വാക്കുകള്‍ക്ക്‌ തിരമാലയുടെ ആയുസ്‌ പോലുമുണ്ടായില്ല...
സ്വപ്‌നങ്ങള്‍ ബാക്കിയാക്കി മൊയ്‌തീന്‍ കോയ ഇന്നും മുഖദാറിലുണ്ട്‌. സ്വന്തം വീട്ടിലല്ല, വലിയ സംഖ്യ നല്‍കി പണയത്തിനെടുത്ത വീട്ടില്‍. വാടക നല്‍കണ്ടല്ലോയെന്ന ആശ്വാസം മാത്രം. ഒരു മകള്‍ കൂടി പുരനിറഞ്ഞു നില്‍ക്കുന്നുണ്ട്‌. അവളെ കെട്ടിച്ചയക്കണം...
മൊയ്‌തീന്‍ കോയ ഒരു പ്രതീകമാണ്‌. കടലിലും കടലിനക്കരയും പ്രതീക്ഷയര്‍പ്പിച്ചവരുടെ പ്രതീകം. കടലും കനിഞ്ഞില്ല, കടലിനക്കരയും..... ഇനി മുകളിലുളളവന്‍ കനിയണം ..മൊയ്‌തീന്‍ കോയയുടെ പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല...