Monday, August 9, 2010

'ഞാനാണെന്റെ താരം'.

മറ്റുള്ളവരെക്കുറിച്ചെഴുതാന്‍ എളുപ്പമാണ്‌. അവരെ വാക്കുകളുടെ മാന്ത്രിക സ്‌പര്‍ശത്തോടെ വരച്ചിടാം. പുകഴ്‌ത്തലിന്റെ വിരസതയിലൂടെ ഇക്കിളിപ്പെടുത്താം. അതുമല്ലെങ്കില്‍ ഭാഷയുടെ രൂക്ഷതയിലൂടെ മുറിപ്പെടുത്താം. പക്ഷേ, സ്വന്തത്തെക്കുറിച്ചെഴുതുമ്പോള്‍ (അതാവും ലോകത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്‌്‌) ധര്‍മ സങ്കടത്തിലാവും.
ഞാനെന്ന ഭാവം അഥവാ അഹംഭാവം മനുഷ്യന്‌ അത്രയിഷ്ടമുള്ള വാക്കൊന്നുമല്ല. അതുകൊണ്ടായിരിക്കാം ഞാന്‍ താരമാകുമ്പോള്‍ മനസിന്റെ ഏതോ കോണിലെപ്പഴോ കുരുങ്ങിക്കിടന്ന എന്തോ ഒന്ന്‌ മനസിനെ വല്ലാതെ മുറിപ്പെടുത്തുന്നത്‌. ഗാഢനിദ്രയിലാണ്ടവനെ പാതിരാത്രി വിളിച്ചു ചോദിക്കൂ, നീയാരാണെന്ന്‌. 'ഞാന്‍...ഞാന്‍...ഓ ഞാനാരാണ്‌? എപ്പോഴോ ഞാന്‍ പോലുമറിയാതെ ഈ ലോകത്തേക്ക്‌ പിറന്ന്‌ വീണു. ഇന്നയാളുടെ മകന്‍/മകള്‍ അല്ലെങ്കില്‍ ഭര്‍ത്താവ്‌..അങ്ങനെ ചില അടയാളപ്പെടുത്തലുകളിലൊതുങ്ങും പരിചയപ്പെടുത്തല്‍. മറ്റൊരു തരത്തില്‍ ജീവിതത്തിന്റെ അനിവാര്യതയില്‍ ചാര്‍ത്തിനല്‍കപ്പെട്ട ചില തലക്കെട്ടുകളില്‍ തന്നെ അടയാളപ്പെടുത്താനൊരു ശ്രമം. അതിലൊതുങ്ങും ഞാനെന്ന താരത്തിന്റെ സ്വത്വ പ്രദര്‍ശനം.
ജീവിതത്തിലൊരിക്കലെങ്കിലും താരമാവാന്‍ കൊതിക്കാത്തവരുണ്ടാവില്ല. ഞാന്‍ താരമാവുന്ന ലോകം സ്വപ്‌നത്തിലെങ്കിലും അനുഭവിക്കാത്തവരുമുണ്ടാവില്ല. സ്വപനം അതിനാണല്ലോ. ജീവിതത്തിലൊരിക്കലെങ്കിലും രാജകുമാരനാവാന്‍ അവസരം നല്‍കുന്ന ഒരിടം. ഞാനും അങ്ങനെയാണ്‌. ഓരോ തവണയു ം താന്‍ കാണുന്ന വീരനായകന്‍മാരില്‍ തന്നെ പ്രതിഷ്‌ഠിച്ച്‌ വലിയ നേട്ടങ്ങളില്‍ വിരാജിക്കുന്ന, ആരും കൊതിക്കുന്ന സ്ഥാനങ്ങളില്‍ സ്വയം മതിമറന്ന്‌ നിര്‍വൃതിയടുന്ന ഒരു സാധാരണക്കാരന്‍. പേശീ ബലം കാട്ടി കീഴടക്കാന്‍ വന്നവരെ ഇച്ഛാശക്തി കൊണ്ട്‌ മുട്ടുകുത്തിച്ച രാഷ്ട്രപിതാവ്‌. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ഗൃഹപാഠം ചെയ്‌ത പ്രധാനമന്ത്രി. മലയാളമണ്ണിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ജനിച്ച്‌ , അരികുകളിലേക്ക്‌ മാറ്റപ്പെട്ടവരില്‍ നിന്ന്‌ അഭിമാനത്തോടെ എഴുന്നേറ്റ്‌ നിന്ന്‌ രാഷ്ട്രത്തിന്റെ പ്രഥമ പൗരനായ എളിയ മനുഷ്യന്‍, സ്വപ്‌നങ്ങളുടെ അഗ്നിച്ചിറകുകള്‍ക്ക്‌ കരുത്തു പകര്‍ന്ന ചിന്തയുടെ പ്രതീകം. ഇവരെയെല്ലാം എന്നിലേക്ക്‌ ആവാഹിച്ച്‌ ചുറ്റുമുളളവരില്‍ നിന്ന്‌ ആശ്ലേഷണങ്ങള്‍ ഏറ്റുവാങ്ങി ആനന്ദം കണ്ടെത്തുന്ന ഈ ലോകം. അവിടെ ഞാനാതണ്‌ താരം. ഞാനും ജനിച്ചത്‌ ഗ്രാമത്തിലാണ്‌. വയല്‍ വരമ്പിലൂടെ, ചെമ്മണ്‍ പാതയിലൂടെ, ആളനക്കമില്ലാത്ത ഇരുണ്ട വീഥികളിലൂടെ അങ്ങനെയായിരുന്നു ആ യാത്ര.
വേഗം വലുതാവണമെന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ സ്വപ്‌നം. വളരുമ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം കളിവണ്ടിയുരുട്ടി നടന്ന കാലം തിരിച്ചുകിട്ടില്ലെന്ന്‌ ഒരിക്കലും ഓര്‍ത്തിരുന്നില്ല. അന്ന്‌ നിഷ്‌കളങ്കതയുറ്റിനിന്ന കൊച്ചുകണ്ണുകളിലൂടെ കണ്ടിരുന്ന ലോകമായിരുന്നില്ല പിന്നീട്‌...മാറ്റം അതിന്റെ അര്‍ത്ഥതലങ്ങളില്‍ പുറത്തേക്ക്‌ കുതറിയോടാന്‍ ശ്രമിച്ചിരുന്നു. ഏഴാം തരത്തില്‍ നിന്ന്‌ ഹൈസ്‌കൂളിലെത്തിയപ്പോഴാണ്‌ മാറ്റം- ഇനി ഉച്ചക്കഞ്ഞിയും പയറും കട്ടില്ലെന്ന്‌ - ഞാനറിഞ്ഞത്‌. ഇലച്ചോറും ചമ്മന്തിയും കഴിക്കാന്‍ ഒരുമണിവരെ കാത്തിരിക്കുന്നതിലായിരുന്നു പിന്നീടുളള സുഖം.
കാലത്തിന്റെ ചക്രം അതി വേഗത്തില്‍ തിരിഞ്ഞിരുന്നു. ഓട്ടോഗ്രഫിയില്‍ കുറിച്ചിട്ട കുഞ്ഞു കളളങ്ങള്‍ വായിച്ചു രസിക്കുമ്പോള്‍ കൂട്ടുകാര്‍ കുസൃതിയോടെ ചാര്‍ത്തിത്തന്ന വാക്കുകളുടെ അര്‍ത്ഥരാഹിത്യം മനസിലാകുന്നത്‌. വളര്‍ന്നതോടെ സ്വപ്‌നങ്ങള്‍ക്കും മാറ്റം വന്നിരുന്നു. ചരിത്രത്തിന്റെ താളുകള്‍ അങ്ങനെയൊരു മാറ്റത്തിന്‌ എന്നെ പ്രേരിപ്പിച്ചിരുന്നു. ചിലപ്പോഴെങ്കിലും ആ സ്വപ്‌നങ്ങളിലെ കഥാപാത്രങ്ങള്‍ സംഘട്ടനങ്ങളിലേര്‍പ്പെട്ടിരുന്നു. ഉറക്കം വരാന്‍ പതിവിലേറെ കാത്തിരിക്കേണ്ട രാത്രികള്‍ സമ്മാനിച്ചിരുന്നു. ഞാന്‍ സ്‌നേഹ സമ്പന്നനാണെന്ന്‌, അങ്ങനെയാവണമെന്ന്‌ സ്വയം ആശിച്ചിരുന്നു. ലോകത്ത്‌ ഞാനേറെ സ്‌നേഹിച്ചിരുന്നത്‌ എന്നെ മാത്രമായിരുന്നു. കണ്ണാടി മുഖത്തേട്‌ ചേര്‍ത്ത്‌ വെച്ച്‌ ചിരിക്കുമ്പോള്‍ ഞാന്‍ സുന്ദരനായിരുന്നു. കണ്ണാടിയില്‍ നോക്കി ചിരിക്കുമ്പോള്‍ എല്ലാവരും സുന്ദരന്‍മാരായിരിക്കുെമെന്ന്‌ എന്നെ പഠിപ്പിച്ചത്‌ എന്റെ പതിനേഴുകാരന്‍ സുഹൃത്തായിരുന്നു.
ഈ ലോകത്ത്‌ ജീവിക്കാന്‍ എളുപ്പമല്ലെന്ന്‌ തിരിച്ചറിയാന്‍ കൗമാരത്തിലെത്തേണ്ടി വന്നു. അവിടെയും പക്ഷേ ഞാനെന്റെ ലോകം പടുത്തുയര്‍ത്തി. ലോകം എന്നെ പുകഴ്‌ത്തും. കൂട്ടുകാര്‍ എന്നോട്‌ സൗഹൃദം പങ്കിടാന്‍ മല്‍സരിക്കും. നാട്ടുകാര്‍ എന്റെ നാടിനെ തിരിച്ചറിയാനുള്ള അടയാളമാക്കി എന്നെ മാറ്റും. കുടുംബക്കാര്‍ പുതിയ ബന്ധത്തിന്റെ അനുപാതങ്ങള്‍ കണ്ടെത്തും. കൂടെ പഠിച്ചവര്‍ ഒരേ ബഞ്ചിലുരുന്ന്‌ പഠിച്ചവരെന്ന്‌ വീമ്പിളക്കും. ഗുരുക്കന്‍മാര്‍ തങ്ങളുടെ ശിഷ്യനെന്ന്‌ അഭിമാനം കൊള്ളും. മാതാപിതാക്കള്‍ എന്നിലൂടെ അറിയപ്പെടും. സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ നാടിന്റെ അഭിമാനമെന്ന്‌ അടയാളപ്പെടുത്തും....അതെ , ഇത്‌ എന്റെ ലോകമാണ്‌. ഞാനാണിവിടെ താരം, അതിലുപരി 'ഞാനാണെന്റെ താരം'.

No comments:

Post a Comment