Sunday, March 9, 2014

ശമ്പളം



നേരം എട്ടുമണിയായിട്ടും നജീബ് ഒന്നു കൂടി പുതപ്പില്‍ ചുരുണ്ടു കിടന്നു. ഇന്നു വെളളിയാഴ്ചയാണ്. മോളി ഡ്യൂട്ടിക്ക് പോകാനുളള പരക്കം പാച്ചില്‍ തുടങ്ങിയതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി..

നജീക്കാ .. ഇന്നലെയിട്ട ഷര്‍ട്ടെവിടെ..

ആ പേന്റ് അലക്കണ്ടെ..

അവളുടെ ചോദ്യം കേട്ടാണ് ഉണര്‍ന്നത്. ഇനിയിന്ന് ഉറക്കം വരില്ല, അല്ലേലും അവളിനി അതിനു സമ്മതിക്കുകയുമില്ല. പുറത്തു നല്ല മഴ. പുതച്ചു മൂടി കിടക്കാന്‍ തോന്നുന്നു..

പക്ഷേ പറ്റില്ല. ഇന്ന് ജാതവേട്ടന്‍ ലീവാണ്. ഓഫിസില്‍ നേരത്തെയെത്തണം. അല്ലേലും അയാള്‍ അങ്ങനെയാണ്. നല്ലൊരു ദിവസവും കിടന്നുറങ്ങാന്‍ സമ്മതിക്കൂല, അപ്പേഴേക്കും അങ്ങേര് ലീവെടുക്കും. പിന്നെ നോമ്പായതിനാല്‍ ആറ് ആറരക്ക് തിരിച്ചു വരാമെന്ന ആശ്വാസമുണ്ട്.

ഇന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗമുണ്ട്. അതിനാല്‍ കാര്യമായ മറ്റു പരിപാടികളൊന്നും കവറ് ചെയ്യണ്ട. അതിനു മാത്രമുണ്ടാകും. ഈയിടെ കേര്‍പറേഷന്‍ മേയര്‍ക്കെതിരെ ഉയര്‍ന്ന അഴിമതിയാരോപണം പത്രക്കാര്‍ക്ക് വലിയ വാര്‍ത്തയാണ്. ടൗണ്‍ എഡിഷനിലേക്കുളള ലീഡ് വേറെ നോക്കണ്ട.
അല്ലേലും നോമ്പായതില്‍ പിന്നെ ലോക്കല്‍ പേജില്‍ വാര്‍ത്തകള്‍ കുറവാണ്. കോര്‍പറേഷനും മഴയും ചാകരയും റമസാന്‍ വിശേഷവുമൊക്കെയായി അങ്ങ് അഡ്ജസ്റ്റ് ചെയ്യുകയാണ്.
ഇന്നലെ അഴിച്ചു വെച്ച ഷര്‍ട്ടും പാന്റുമെടുത്ത് ചെയറിലിട്ടു. അവള്‍ വന്നെടുത്തോളും. ഇങ്ങോട്ട് വിളിക്കണ്ട, വന്നാല്‍ പിന്നെ പരാതി വേറെ കേള്‍ക്കാനുണ്ടാകും.

ബ്രഷ് ചെയ്തു തിരിച്ചു വന്നപ്പോള്‍ ഫോണില്‍ വണ്‍ മിസ്ഡ് കോള്‍.
ഡിസ്‌പ്ലേയില്‍ ചീഫിന്റെ നമ്പര്‍.

ഇന്നു വേറെയെന്തെങ്കിലും ഷെഡ്യൂളുണ്ടാവും. തിരിച്ചു വിളിക്കാന്‍ ഫോണെടുത്തപ്പോള്‍ അപ്പുറത്തുനിന്ന് മോളി വിളിക്കുന്നു , നജീക്കാ. ..
എന്താ..
നോമ്പ് ഇരുപതായി ....
ഉം..
പെരുന്നാളിന് ഡ്രസ് എടുക്കാത്തതിലുളള പരാതിയായിരിക്കും.. മാസം തീരാറായിട്ടും ശമ്പളം കിട്ടിയില്ല.
ഇന്നലെ സലീമിനോട് വാങ്ങിയ പൈസ കൈയ്യിലുണ്ട്. ഇന്ന് ഡ്യൂട്ടി മാറ്റി ഡ്രസ് എടുക്കാന്‍ പോയാലോ..
ചീഫിനോട് നേരത്തെ പറഞ്ഞിട്ടില്ല, എന്നാലും വേണ്ടില്ല,

അല്ലെങ്കില്‍ വേണ്ട നൗഫലിനെ വിളിച്ചു നോക്കാം നേരത്തെ വരുമോന്ന്.
രണ്ടുമൂന്നു തവണ റിങ് ചെയ്തിട്ടും പുളളിക്കാരന്‍ ഫോണ്‍ എടുക്കുന്നില്ല. ഉറക്കമായിരിക്കും.

(പിന്നീടുണ്ടായത്..
നൗഫല്‍ ഫോണ്‍ എടുത്തില്ല, നജീബ് ചീഫിനെ വിളിച്ചതുമില്ല, അന്നും പതിവു പോലെ ഡ്യൂട്ടിക്ക് വന്നു. പിറ്റേന്ന് വായ്പ വാങ്ങിയ പണവുമായി ഭാര്യയെയും കൂട്ടി കോഴിക്കോട്ട് പോയി ഉടുപ്പ് വാങ്ങി, കാലങ്ങളായി തുടരുന്ന വായ്പ വാങ്ങല്‍ പരിപാടി ഇത്തവണയും വേണ്ടി വന്നു.. എന്നാണിതില്‍ നിന്ന് മോചനമെന്ന് ആലോചിച്ച് കിടന്ന നജീബ് അറിയാതെ ഉറങ്ങിപ്പോയി)

പിറ്റേദിവസം രാവിലെ വീണ്ടും മോളി വിളി തുടങ്ങി..
നജീക്കാ......
അടുത്ത പരാതിയായിരിക്കും..
പുതപ്പ് വലിച്ചു മൂടി കണ്ണടച്ചു കിടന്നു.. തല്‍ക്കാലം മൗനം ഭൂഷണം..
ശമ്പളം തരേണ്ടവര്‍ ഇതൊക്കെ അറിയുന്നുണ്ടോ ആവോ.!

No comments:

Post a Comment