മുഖദാര്‍, കോഴിക്കോട്ടെ ഒരു കൊച്ചു പ്രദേശം..വര്‍ഷകാലമായാല്‍ ഈ തീരദേശം മാധ്യമങ്ങളില്‍ സ്ഥിരം ഇടം നേടാറുണ്ട്. സാമൂഹ്യ വിരുദ്ധരുടെ ഇടപെടലുകള്‍ കൊണ്ടല്ല., പ്രകൃതിയുടെ അനിവാര്യമായ വികൃതി കൊണ്ടാണെന്നു മാത്രം. കടലെടുക്കുന്ന തീരവും വീടുകളും എന്നും മുഖദാറുകാരുടെ സംസാര വിഷയമാണ്. ഓരോ മഴക്കാലവും ഇവര്‍ക്ക് ദുരന്തങ്ങള്‍ സമ്മാനിച്ചാണ് മടങ്ങാറ്. പ്രതീക്ഷയുടെ മനക്കോട്ടകള്‍ തകര്‍ന്നു വീണ കഥകള്‍ അങ്ങനെയാണ് പത്രത്താളുകളില്‍ നിറയുന്നത്.
അല്ലെങ്കിലും മനുഷ്യര്‍ ജീവിക്കുന്നത് പ്രതീക്ഷകളിലാണല്ലോ. അത് തകരുമ്പോള്‍ നാമതിനെ ദൂരന്തമെന്ന് വിളിക്കുന്നു. മറ്റുചിലപ്പോള്‍ വിധിയെന്നും. ഇതിനു മുന്നില്‍ അവന് നിസഹായനാണെന്ന് അനുമാനിക്കുകയും ചെയ്യുന്നു. അപ്പോഴും അവന് വിധി എന്ന രണ്ടക്ഷരത്തില്‍ ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നു. സ്വപ്നങ്ങള്‍ തകരുമ്പോള്‍ ചിലരൊക്കെ അതിലുരുകിക്കഴിയും. ചിലപ്പോള്‍ ആവലാതികളുടെ ഭാണ്ഡക്കെട്ടുകള്‍ മറ്റുളളവരിലേക്ക് ഇറക്കി വെക്കും. എന്നാല്‍ മറ്റുചിലര്‍ മൊയതീന്‍കോയയെപ്പോലെയാണ്, ദുരന്തങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുക; അതിനെ ഉള്‍ക്കൊള്ളുക.
മുഖദാറിലെ മരക്കാര്‍ കടവ് പറമ്പ് മൊയ്തീന് കോയയെക്കുറിച്ചാണ് സൂചിപ്പിച്ചത്. തന്റെ ജീവിതം എവിടെത്തുടങ്ങിയെന്ന് ചോദിച്ചാല്‍ മൊയ്തിന് കോയക്ക് കൃത്യമായ ഉത്തരമില്ല. എന്നാല്‍ താന്‍ ജീവിച്ചത് ഇവിടെയാണെന്ന് മുഖദാറിലെ കടല്‍ തീരവും കടലും ചൂണ്ടി അയാള്‍ പറയും. രാപ്പകല്‍ ഭേദമന്യേ കടലിനോട് മല്ലിട്ടാണ് താനും ഭാര്യയും നാലു മക്കളുമടങ്ങുന്ന കുടുംബത്തിന് അന്നം കണ്ടെത്തിയത്. മൊയതീന് കോയക്ക് ജീവിതവും അങ്ങനെയായിരുന്നു കടല്‍പോലെ; പ്രക്ഷുബ്ധവും...ചിലപ്പോള്‍ ശാന്തവും
വലിയ സ്വപ്നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല മൊയ്തീന് കോയക്ക്. തനിക്കും കുടുംബത്തിനും തലചായ്ക്കാനൊരിടം, ഒരു കൊച്ചുവീട്- അതുമാത്രം. കടലില്‍ പോയാല്‍ അഞ്ചര വയറിന്റെ പശിയടക്കാനുള്ള വകയൊക്കും, ബാക്കിയൊന്നുമുണ്ടാവില്ല..സ്വപ്നങ്ങള്‍ക്കായി മിച്ചം വെക്കാന്‍...
ദാരിദ്ര്യം മലയാളിയെ ഗള്‍ഫിലെത്തിച്ച കാലം. കടല്‍ മാത്രം കണ്ടു വളര്‍ന്ന മുഖദാറുകാരും അക്കാലത്ത് കടല്‍ കടക്കാന്‍ തുടങ്ങിയിരുന്നു. അതിലേറെയും വീട്ടുജോലിക്ക് പോകുന്ന സ്ത്രീകളായിരുന്നന്നു. മൊയ്തീന് കോയയുടെ ഭാര്യ ആയിഷയും അങ്ങനെ ചിന്തിക്കാതിരുന്നില്ല. മൊയതീന് കോയ പക്ഷേ, സമ്മതിച്ചില്ല. എന്നാല്‍ വളര്‍ന്നു വരുന്ന രണ്ട് പെണ്മക്കള് തന്റെമുന്നില്‍ നിറഞ്ഞു നില്‍ക്കുന്നത് അയാളെ അസ്വസ്ഥനാക്കിയിരുന്നു. അങ്ങനെ ഒരു ദിവസം അവര്‍ ആ തീരുമാനത്തിലെത്തി: ആയിഷ, ഉള്ളതെല്ലാം വിറ്റുപെറുക്കി ദൂബൈക്ക് പറന്നു.
മുന്തിയ അത്തറിന്റെ മണം ഗള്‍ഫുകാരനെ അടയാളപ്പെടുത്തിയ കാലം കഴിഞ്ഞിരുന്നു. ഏതൊരു പ്രവാസിയെയും പോലെ പ്രതീക്ഷകള്‍ മാത്രമായിരുന്നു ആയിഷക്കും കൂട്ട്. അറബിയുടെ അടുക്കളയില്‍ അവര്‍ എല്ലുമുറിയെ പണിയെടുത്തു. തന്റെ ലോകം നാലു ചുമരുകള്‍ക്കിടയില്‍ ചുരുങ്ങിയതായി തോന്നി ആയിഷക്ക്. നാലു വര്‍ഷം നാല്‍പ്പത് വര്‍ഷം പോലെ ....``അതൊരു വല്ലാത്ത ജീവിതായിരുന്നു. അറബീന്റെ ആട്ടും തുപ്പും കേട്ടുള്ള ജീവിതം''. തന്റെ പ്രവാസ ജീവിതത്തെ അവര്‍ വരച്ചിടുന്നത് ഇങ്ങനെയാണ്. അന്ന് തീരുമാനിച്ചു. പട്ടിണിയാണെങ്കിലും അഭിമാനത്തോടെ നാട്ടില്‍ കഴിയാമെന്ന്. ഇനിയൊരിക്കലും ഇവിടേക്കില്ലെന്ന തീരുമാനത്തോടെ ആയിഷ അറബി നാട്ടിനോട് വിടചൊല്ലി.
പ്രതീക്ഷയുടെ വലിയ ഭാരം ചുമലിലേറി ഗള്‍ഫിലേക്ക് പോയ ആയിഷ ഈന്തപ്പനകളുടെ നാടിനെ ഇട്ടേച്ച് പോകുമ്പോഴും പ്രതീക്ഷകള്‍ മാത്രമായിരുന്നു ബാക്കിയായത്. തുച്ഛമായ ശമ്പളമായിരുന്നു അന്ന് കിട്ടിയിരുന്നത്. അതും പലപ്പോഴും മുടങ്ങി. പ്രവാസിയായി മടങ്ങിവന്നപ്പോഴും താമസം വാടക വീട്ടില്‍ തന്നെയായിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് ആ കുടുംബം സ്വന്തമായൊരു വീട് വിലക്കുവാങ്ങിയത്; മുഖദാറില്‍ കടലിനോട് ചേര്‍ന്ന് ഒരു കൊച്ചുവീട്. ചെറുതാണെങ്കിലും സ്വന്തമാണെന്നാശ്വസിച്ചു. ഒരു മകളുടെ കല്ല്യാണം നടത്തി. ആ സന്തോഷം പക്ഷേ അധികകാലം നീണ്ടു നിന്നില്ല.
രണ്ടായിരത്തി ഏഴ് മെയ് മാസം. രണ്ടുവര്‍ഷം മുമ്പുണ്ടായ സുനാമി ലോകത്തെ പിടിച്ചു കുലുക്കിയിരുന്നു. കടല്‍ നക്കിയെടുത്ത മനുഷ്യരെയോര്‍ത്ത് ലോകം വിറങ്ങലിച്ചു നില്ക്കുന്ന ഒരു പകല്‍. കടല്‍ അതിന്റെ രൗദ്രഭാവം തിരമാലകളിലൊളിപ്പിച്ചിരുന്നു. ഓളങ്ങള്‍ ശക്തമായ കടല്‍ ക്ഷോഭംതീര്‍ത്തു ...അതിലൊരു തിര ആ കൊച്ചു വീടിനെ തകര്‍ത്തെറിഞ്ഞു. വിധിയുടെ അടയാളങ്ങളില്‍ പകച്ചു നിന്നു ആ കുടുംബം. കടല്‍ ഇട്ടേച്ചുപോയ ശേഷിപ്പുകള്‍ പെറുക്കിയെടുത്ത് മെയ്തീന് കോയയും കുടുംബവും കനിവിനായി കാത്തു. തങ്ങളുടെ കൊച്ചുകൂരകളില്‍ അയല്‍വാസികള്‍ നല്കിയ ഇത്തിരി സ്ഥലം ഒത്തിരി സ്നേഹത്തിന്റെ പ്രതീകമായി.
ആശ്വാസ വാക്കുകള്‍ക്ക് മാത്രം ഒരു കുറവുമുണ്ടായിരുന്നില്ല. എം എല്‍ എ മാരുള്‍പ്പെടെയുള്ള ജനപ്രതിനിധികളും വന്നു. സാന്ത്വന വാക്കുകളും വാഗ്ദാനങ്ങളും ഒഴുകി. അന്ന് മുഖദാറില്‍ കടലെടുത്ത വീടുകള്‍ വേറെയുമുണ്ടായിരുന്നു. ഒന്നോ രണ്ടോ ആയിരുന്നില്ല നൂറോളം വീടുകള്‍ ...തീരദേശ പാതക്ക് വേണ്ടി ഭൂമി നഷ്ടപ്പെടുന്നവരില്‍ ഉള്‍പ്പെടുത്തി തൊന്നൂറ്റിമൂന്ന് പേര്‍ക്ക് രണ്ടരസെന്റ് ഭൂമി വീതം ലഭിച്ചു. പതിമൂന്ന് പേരെ സര്‍ക്കാര്‍ തീര്‍ത്തും അവഗണിച്ചു. മുഖദാറിലെ മരക്കാര്‍ കടവ് പറമ്പ് ബീരാന് കുട്ടിയും ശംസുവും...അങ്ങനെ നീളുന്നു ആ പട്ടിക . സ്വന്തം വീട്ടില്‍് മൂന്ന് കൊല്ലം തികച്ചു താമസിക്കാനാവാത്ത മൊയ്തീന് കോയയും പരിധിക്ക് പുറത്തായിരുന്നു. അധികാരികളുടെ വാക്കുകള്‍ക്ക് തിരമാലയുടെ ആയുസ് പോലുമുണ്ടായില്ല...
സ്വപ്നങ്ങള്‍ ബാക്കിയാക്കി മൊയ്തീന് കോയ ഇന്നും മുഖദാറിലുണ്ട്. സ്വന്തം വീട്ടിലല്ല, വലിയ സംഖ്യ നല്കി പണയത്തിനെടുത്ത വീട്ടില്‍. വാടക നല്‍കണ്ടല്ലോയെന്ന ആശ്വാസം മാത്രം. ഒരു മകള്‍ കൂടി പുരനിറഞ്ഞു നില്‍ക്കുന്നുണ്ട്. അവളെ കെട്ടിച്ചയക്കണം...
മൊയ്തീന് കോയ ഒരു പ്രതീകമാണ്. കടലിലും കടലിനക്കരയും പ്രതീക്ഷയര്‍പ്പിച്ചവരുടെ പ്രതീകം. കടലും കനിഞ്ഞില്ല, കടലിനക്കരയും..... ഇനി മുകളിലുളളവന്‍ കനിയണം ..മൊയ്തീന് കോയയുടെ പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല...
GOOD DA KEEP IT UP
ReplyDelete