ഒരു പേരിലെന്തിരിക്കുന്നു....
സ്വന്തം മക്കള്‍ക്ക് ആരെങ്കിലും ചെകുത്താനെന്നോ കുരങ്ങെന്നോ പേരിടുമോ? ഇല്ലെന്നാണുത്തരമെങ്കില്‍ തെറ്റി. ആ പേരിനും വിപണിയില്‍ ഡിമാന്റാണെന്നാണ് ചില രാജ്യങ്ങളില്‍ നിന്നുളള വിവരങ്ങള്‍ വ്യക്തമാക്കുന്നത്. പേരിടുന്ന കാര്യത്തില്‍ പലര്‍ക്കും നിബന്ധനകള്‍ പലതാണ്. കേള്‍ക്കാനിമ്പം വേണം, പ്രദേശത്ത് മറ്റാര്‍ക്കുമില്ലാത്ത പേരാവണം, നാലാളു കേട്ടാല്‍ തരക്കേടില്ലെന്നു പറയണം.
ഇതൊക്കെ നമ്മുടെ നാട്ടിലെ കാര്യം. അമേരിക്കയിലാണെങ്കില്‍ നിങ്ങളുടെ കുഞ്ഞിന് ഇഷ്ടമുളള പേരിടാം. അവിടെ അങ്ങനെയാണെന്നു കരുതി ലോകത്ത് എല്ലായിടത്തെയും സ്ഥിതി അതാണെന്ന് തെറ്റിദ്ധരിക്കരുതേ...
വിവിധ രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അവരുടെ സ്വന്തം നിയമങ്ങളുണ്ട്. സ്വീഡനില്‍ കുട്ടിക്ക് ഉന്നത കുലജാതരുടെ പേരിടുന്നതിന് മുമ്പ് രണ്ടു വട്ടം ആലോചിക്കണം, കാരണം ഉന്നതരെന്ന് പറയപ്പെടുന്നവരുടെ പേര് സാധാരണക്കാര്‍ ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിച്ച നാടാണിത്. അതു മാത്രമോ, പേരിന്റെ ആദ്യ ഭാഗം ഉപയോഗിക്കുന്നതിന് ആര്‍ക്കെങ്കിലും വിയോജിപ്പുണ്ടായാല്‍ അംഗീകാരം കിട്ടില്ല. ഇനി പേര് മാറ്റണമെന്നിരിക്കട്ടെ, ആദ്യത്തെ പേരിന്റെ ഒരു ഭാഗമെങ്കിലും സൂക്ഷിക്കണം. മാത്രമല്ല, ഒരു തവണ മാത്രമേ പേര് മാറ്റാന്‍ അനുവദിക്കുകയുളളൂ.
പേരിടാനുളള നിരവധി അപേക്ഷകളാണ് ഇത്തരത്തില്‍ നിരസിക്കപ്പെട്ടത്. എന്നാലും 'ഗൂഗിളും' ലെഗോയും സ്വഡന്കാര്ക്ക് സ്വീകാര്യമാണ്. ഇനി ജര്‍മനിയിലെ കാര്യം നോക്കൂ.. പേരിന്റെ ആദ്യഭാഗം കേട്ടാല്‍ തന്നെ കുട്ടി ആണോ പെണ്ണോയെന്ന് മനസിലാകണമെന്ന നിയമമുണ്ടിവിടെ. കുട്ടിയുടെ സൗഖ്യത്തിന് ഹാനിയുണ്ടാക്കുന്ന പേരിടാനും പാടില്ല. ഏതെങ്കിലും ഉല്‍പ്പന്നങ്ങളുടെ പേരോ, രണ്ടാം പേരോ ആദ്യഭാഗത്ത് ഉപയോഗിക്കുന്നതിലും വിലക്കുണ്ട്.. ഇനി നിങ്ങളിട്ട പേരിന് കുട്ടി ജനിച്ച പ്രദേശത്തെ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അനുമതി നിഷേധിച്ചാല്‍ അപ്പീല്‍ പോകാം. പക്ഷേ അപേക്ഷ നിരസിച്ചാല്‍ പേരു മാറ്റല്‍ മാത്രമാണ് വഴി. മാത്രമോ, ഓരോ തവണയും നിശ്ചിത സംഖ്യ ഫീസും ഒടുക്കണം. പേരിടലും ചെലവേറിയ സംഗതിയാണെന്ന് ചുരുക്കം.
നാമകരണത്തിനുള്ള അന്താരാഷ്ട്ര രൂപരേഖയാണ് ജര്‍മനിക്ക് ഇക്കാര്യത്തിലുളള അവലംബം. ജര്‍മന്‍ ഭാഷയിലല്ലാത്ത പേരുകളെക്കുറിച്ചറിയാന് മറ്റു രാജ്യങ്ങളുടെ എമ്പസികളെയാണ് ജര്‍മന്‍ അധികൃതര്‍ ആശ്രയിക്കുന്നത്. പൊല്ലാപ്പിനൊന്നും സമയമില്ലാത്തതിനാല്‍ തങ്ങളുടെ മക്കള്‍ക്ക് മാക്സിമില്ല്യന്‍, അലക്സാണ്ടര്‍ എന്നീ പഴഞ്ചന്‍ പേരുകള്‍ നല്കി നിര്‍വൃതിയടയുകയാണ് ജര്മനിക്കാരിപ്പോള്. തന്റെ മകന് മാട്ടിയെന്ന് പേരിടാനുളള ഒരച്ഛന്റെ അപേക്ഷ പേരില്‍ 'ആണത്ത'മില്ലാത്തതിനാല്‍ നിരസിച്ചിരിക്കുകയാണ് അധികൃതര്‍.
ന്യൂസിലന്റില്‍ ചെകുത്താനും ഹിറ്റലര്‍ക്കും വിലക്കു വന്നു. കാര്യമില്ലാത്ത പേരിടലിന് ഇവിടെ കര്‍ശന വിലക്കാണ്. ആവശ്യമില്ലാതെ നീട്ടിവലിച്ച് പേരിടുന്നതും സ്ഥാനപ്പേരുകള്‍ നല്‍കുന്നതും വിലക്കിയിരിക്കുകയാണിവിടെ. സെക്സ് ഫ്രൂട്ട്, ട്വസ്റ്റി പോയ് എന്നീ പേരുകളും അനുമതി നിഷേധിക്കപ്പെട്ട പട്ടികയില്‍ തന്നെ. അതേ സമയം നവമ്പര്‍ 16, ബസ്ഷെല്‍ട്ടര്‍, വയലന്‍സ് (ഹിംസ) മിഡ്നൈറ്റ് (പാതിരാത്രി) എന്നീ പേരുകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.
ജാപ്പനീസ് ഭാഷയില്‍ 'അകുമ'യെന്ന വാക്കിനര്‍ത്ഥം ചെകുത്താനെന്നാണ്. അതിനാല്‍ മൂപ്പര് പടിക്കുപുറത്ത് തന്നെ. കുട്ടികള്‍ക്ക് പേരിനൊപ്പം കുടുംബപ്പേരും ചേര്‍ക്കല്‍ ഇവിടെ പതിവാണ്. രാജാക്കന്മാര് സാധാരണയായി കുടുംബപ്പേര് ചേര്‍ക്കാറില്ല. തങ്ങളുടെ പേരുകള്‍ എളുപ്പത്തില്‍ എഴുതാനും വായിക്കാനും കഴിയണമെന്ന താല്‍പ്പര്യക്കാരാണ് ജപ്പാനികള്‍.
ഡെന്മാര്ക്കുകാര് തങ്ങളുടെ കുട്ടികള്‍ക്ക് പുതുമയുളള പേരിടുന്നത് പതിവായതോടെ സര്‍ക്കാറിന് ഇടപെടേണ്ടിവന്നു. സര്‍ക്കാര്‍ അംഗീകാരം നല്കിയ ഏഴായിരത്തോളം പേരുകളില്‍ നിന്ന് തെരഞ്ഞെടുത്തുവേണം ഇവരുടെ മക്കള്‍ക്ക് പേരിടാന്‍. ഇനി പട്ടികക്ക്് പുറത്തുളള പേരാണ് വേണ്ടതെങ്കില്‍ സ്ഥലത്തെ പളളിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങണം. ശേഷം സര്‍ക്കാര്‍ വക പുന: പരിശേധനയും ഈ പേരിന്റെ കാര്യത്തിലുണ്ടാവും. ഇങ്ങനെയൊക്കെയാണെങ്കിലും ക്രിയാത്മകമായ പരീക്ഷണങ്ങളൊന്നും പേരില്‍ പാടില്ല. ജര്‍മനിയിലേത് പോലെ ഇവിടെയും പേരിന്റെ ആദ്യഭാഗം അവസാനത്തിലും മറിച്ചും ഉപയോഗിക്കാന്‍ പാടില്ല. കുരങ്ങനും പ്ലൂട്ടോയും നിരസിക്കപ്പെട്ട പേരില്‍ പെടുന്നവയാണ്.
ചൈനക്കാര്‍ ഇക്കാര്യത്തില്‍ ഒരു പടി മുന്നി ലാണെന്ന് പറയാം. കമ്പ്യൂട്ടര്‍ സ്കാനറുകള്‍ക്ക് എളുപ്പത്തില്‍ വായിക്കാന്‍ കഴിയുന്നതാണ് ഇവിടുത്തെ പേരുകള്‍. പാരമ്പര്യമായി നല്കുന്ന പേരുകളില്‍ നിന്ന് വിത്യസ്തമായി എളുപ്പത്തില്‍ വായിക്കാനാവുന്ന കുഞ്ഞു പേരുകളിടാനാണ് ഇവിടത്തെ സര്‍ക്കാര്‍ ജനങ്ങളോട് നിര്‍ദേശിക്കുന്നത്. നമ്പറുകളോ ചൈനക്കു പുറത്തുള്ള പേരുകളോ ്അംഗീകരിക്കില്ല. കമ്പ്യൂട്ടറില്‍ ലഭ്യമല്ലാത്ത അക്കങ്ങളോ മറ്റോ അനുവദിക്കില്ല. 70,000 ത്തിലധികം വരുന്ന ചൈനീസ് അടയാളങ്ങളില്‍ 13000 മാത്രമാണ് കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്നത്. @ എന്ന ചിഹ്നത്തിന് 'അവനെ സ്നേഹിക്കുക' എന്നാണര്‍ത്ഥം. ചൈനീസ് ഭാഷയില്‍ അയ്റ്റേ എന്നുവായിക്കുന്ന ഈ പേരും പട്ടികക്ക് പുറത്ത് തന്നെ.
അങ്ങനെയെങ്കില്‍ 'നിന്റെ പേര് എന്റെ പട്ടിക്കിടും' എന്ന് പറയുന്നവര്‍ക്കെതിരെ കേസെടുക്കുന്ന ഏതെങ്കിലും രാജ്യമുണ്ടോ ആവോ...?
ReplyDeleteനല്ല കുറിപ്പ്, അഭിനന്ദനാര്‍ഹം.
Good Post...!!!
ReplyDelete